Thursday, March 27, 2008

കുത്തബ്‌ മിനാര്‍

ഇന്‍ഡോ-ഇസ്ലാമിക്‌ ശില്‍പകലയുടെ ഉത്തമോദാഹരണമാണ്‌ സൗത്ത്‌ ഡെല്‍ഹിയിലെ മെറോളിയില്‍ സ്ഥിതിചെയ്യുന്ന കുത്തബ്‌ മിനാര്‍. മുകളിലേക്കു കയറാനായി 399 പടവുകള്‍ ഉള്ള ഈ ഗോപുരത്തിന്‌ 72.5 മീറ്റര്‍ നീളവും ഏറ്റവും താഴത്തെ തട്ടിന്‌ 14.3 മീറ്റര്‍ വ്യാസവും ഉള്ളതായി കണക്കാക്കിയിരിക്കുന്നു.
1199ല്‍ ഒരു വിജയ സ്മാരകം എന്ന സങ്കല്‍പ്പത്തോടെ ഡെല്‍ഹിയിലെ ആദ്യത്തെ മുസ്ലീം ഭരണാധികാരിയായിരുന്ന കുത്തബ്‌-ദിന്‍-ഐബക്‌ ആണ്‌ മിനാറിന്റെ പണി ആരംഭിച്ചത്‌.
ഏറ്റവും താഴത്തെ തട്ടിന്റെ നിര്‍മാണത്തോടെ നിലച്ചുപോയ ഈ ഗോപുരത്തിന്റെ പണി കുത്തബ്‌-ദിന്‍-ഐബക്കിന്റെ തുടര്‍ച്ചവകാശക്കാരനായിരുന്ന ഇല്‍തുമിഷ്‌ 1229ഓടെ ബാക്കി മൂന്ന്‌ നിലകളുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.ഏറ്റവും താഴത്തെ തട്ടില്‍ വിശുദ്ധ ഖുറാനിലെ വചനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.മുസ്ലീം മത വിശ്വാസികളെ പള്ളിയിലേക്കു വിളിച്ചു വരുത്തുന്നതിനായി പണിത ഗോപുരമാണെന്നും, അതല്ല മുസ്ലീം മതത്തിന്റെ അന്തസത്ത ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി പണിതതാണെന്നുമുള്ള വളരെയധികം ഊഹാപോഹങ്ങള്‍ നിലവിലുണ്ടങ്കിലും ഇതൊരു വിജയ സ്മാരകമായിട്ടാണ്‌ എല്ലാവരും കരുതുന്നത്‌.
1368ഓടെ ഫിറോഷാ തുഗ്ലക്‌ ആണ്‌ ഗോപുരത്തിന്റെ അവസാന മിനുക്കുപണികള്‍ നടത്തിയതും ഏറ്റവും മുകളിലുള്ള മാര്‍ബിള്‍ കൊണ്ടുള്ള അഞ്ചാമത്തെ നില പണികഴിപ്പിച്ചതും.
ഇല്‍തുമിഷിന്റെ ഭരണകാലത്ത് പണിയാരംഭിച്ച ഗോപുരം. നാല്പത് അടി ആയപ്പോഴേക്കും ഇതിന്റെ പണി നിലച്ചു പോയി.
കുത്തബ്‌ ഗോപുര സമുച്ചയത്തില്‍ കാണുന്ന ഈ ഗോപുരം ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ സ്ഥാപിച്ചതാണെന്നാണ്‌ പറയപ്പെടുന്നത്‌. ഇരുമ്പ്‌ കൊണ്ടുള്ള ഈ ഗോപുരത്തിന്‌ ഏഴുമീറ്റര്‍ നീളവും ആറുടണ്ണിലധികം ഭാരവും ഉള്ളതായി കണക്കാക്കുന്നു. ഈ ഗോപുരത്തില്‍ പുറം ചാരിനിന്നുകൊണ്ട്‌ ഗോപുരം ചുറ്റിപ്പിടിക്കുകയാണെങ്കില്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യം താമസംവിനാ നടക്കുമെന്നുള്ള ഒരു വിശ്വാസം ഉള്ളതിനാല്‍ സഞ്ചാരികളില്‍ നിന്നും ഗോപുരം സംരക്ഷിക്കുന്നതിനായി ഇതിനു ചുറ്റും ഇപ്പോള്‍ ഇരുമ്പ്‌ വേലി തീര്‍ത്തിട്ടുണ്ട്‌.

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP